Wednesday, November 5, 2008

ഒബാമാ.... ഇത് ചരിത്രമാവട്ടെ .

പ്രിയ ഒബാമാ ...
നിന്റെ കറുപ്പോ, വെളുപ്പോ അല്ല
എന്നെ ആകര്‍ഷിച്ചത് .
കണ്ണുകളിലെ തിളക്കം ,
ആത്മവിശ്വാസത്തിന്റെ
അനന്തസീമകള്‍ .
സ്ഥിരചിത്തത ,നയചാതുരി.
നിനക്ക് അഭിവാദ്യങ്ങള്‍ .
പക്ഷെ,
എന്റെ രാജ്യത്തിന്‌ മേല്‍
നീ കരിന്കൊടി നാട്ടരുത് .
എന്റെ അയല്‍ക്കാരെ
നീ ആക്രമിക്കരുത് .
നമുക്ക് നന്മകള്‍ തേടാം .
ഇനി ഇറാഖുകള്‍
ആവര്‍ത്തിക്കരുത്
ഓറഞ്ചു യുദ്ധങ്ങള്‍
അവസാനിക്കട്ടെ .
നിന്റെ വെള്ളക്കൊട്ടാരത്തിലെ
രഹസ്യ യോഗങ്ങള്‍
വെളുത്ത പറവകളെ പറത്തട്ടെ.
നിനക്ക് അഭിവാദ്യങ്ങള്‍ .

Sunday, November 2, 2008

മുറ്റം


ഞാനൊരു തൈ നട്ടു
എന്റെ ഹൃദയമുറ്റത്ത്
കരിവണ്ട് മൂളിപ്പറഞ്ഞു
ഓ! പ്രണയത്തൈ.
പേശികള്‍ വേലി കെട്ടി
ധമനികള്‍ വെള്ളമൊഴിച്ചു
കെട്ട് പോവാതെ കട്ട് പോവാതെ
കാത്തിരുന്നു വസന്തം വരുവാന്‍.
വിടര്‍ന്ന പൂവുകളെല്ലാം
കാറ്റ് അടര്‍ത്തിയെടുത്തു
തിരിച്ചു തരാമെന്ന്
വെറുതെ കണ്ണിറുക്കി
ഒടിഞ്ഞ ചില്ലകള്‍
ദൂരെ പിണങ്ങി നിന്നു.
കാരണം ചോദിച്ചപ്പോള്‍
കൈ മലര്‍ത്തി.
വെയിലേറ്റ് വാടാതെ
കൊടും മഞ്ഞിലുറയാതെ
പെരുമഴയിലൊഴുക്കാതെ
കാത്തുവെച്ചെങ്കിലും
മറഞ്ഞു പോയതിന്‍ തളിരുകളെല്ലാം
അറ്റ് പോയതിന്‍ വേരുകളെല്ലാം
........................................
ചുടുകാറ്റ്‌ വീശവേ
തൈതെന്നലോഴിയവേ
അകമെല്ലാം ശൂന്യത
മരിച്ചു നിന്നു
മുറ്റത്തു ചോര
പടര്‍ന്നു നിന്നു .
.........................................


Saturday, October 11, 2008

നിനക്കുവേണ്ടി

ജീവിതം ......
കാല്‍ച്ചുവട്ടില്‍ നിന്നൊലിച്ചുപോകുന്നു
ഇരുള്‍ മൂടിയ രാവിന്‍റെ നിശ്വാസവായുവില്‍
കാട്ടുമുല്ലകള്‍ ഇതളുകള്‍ പൊഴിക്കുന്നു
വറ്റിയ കുളത്തിന്‍റെ അടിത്തട്ടിലേതോ
തവളകള്‍ മഴയെ വിളിച്ചു കേഴുന്നു.
ഞാന്‍ നടക്കുകയാണ്....
ഭൂതകാലത്തിന്റെ ആത്മാവ് തേടി
ലക്‍ഷ്യം നിലച്ച യാത്രയിലെവിടെയോ
മറന്നുവച്ചൊരു മാണിക്യം തേടി....
നീ,
എനിക്കിനിയുമറിയാത്ത വികാരം
എന്‍റെ ജീവതാളം.
മൃതിയടഞ്ഞ ഹൃദയത്തിനു സ്പന്ദനം
എന്‍റെ സിരകള്‍ക്ക് ചുടേറിടുന്നു.
നിലയ്ക്കാത്ത ഗാനവീചികളില്‍
കടുംതുടിയുടെ ഈണം
നിന്‍റെ ഗീതികളില്‍ കേട്ടത്
ഞാന്‍ തേടിയ സ്വാന്ത്വനം.
ഒരു മഞ്ഞുതുള്ളിയായ്
എന്‍റെ മനസിന്‍റെ ആഴങ്ങളില്‍
നീയൊഴുക്കിയ സ്നേഹാമൃതം.
നീയെനിക്കെന്നും എന്‍റെ ജീവതാളം
എന്നിട്ടും .....?
പ്രണയത്തിന്‍റെ ചില്ലുമേടയില്‍
ഒരു മഴപ്പക്ഷിയുടെ രോദനം
കണ്ണീരു പെയ്ത രാവുകളില്‍
ഞാന്‍ ആഗ്രഹിച്ചത്
നിന്‍റെ തലോടലിനു വേണ്ടിയായിരുന്നു
ഓര്‍മ്മകള്‍ പൂക്കുന്ന ചുവന്ന സന്ധ്യകള്‍ക്ക്
നിന്‍റെ മുഖമായിരുന്നു.
നീറുന്ന കാത്തിരിപ്പ്........
ആ ഹൃദയപുഷ്പത്തിലെ
പൂമ്പൊടിയായ് ഞാന്‍ മാറിയെങ്കില്‍.
ഇടറുന്ന വാക്കുകള്‍ക്കിടയില്‍
ചേര്‍ത്തുവെക്കാന്‍ മറന്ന നനവുള്ള സുഗന്ധം
ആരുമറിയാതെ നെഞ്ചോടു ചേര്‍ത്ത
മോഹത്തിന്റെ മന്ച്ചാടിമണിമുത്തുകള്‍
എണ്ണിയാലൊടുങ്ങാതെ അനന്തമായ് നീളുമീ
മന്ച്ചാടിമണികള്‍ എനിക്ക് കൂട്ട്
മരുഭുവിലലയും എകാകിയാമെന്റെ
മഴക്കാടുകളിന്നും മണല്‍ക്കാടുകള്‍.
......................................................
രാവിന് സുഗന്ധം
പാലകള്‍ പൂക്കാന്‍ തുടങ്ങുന്നു
സ്നേഹം കൊതിക്കും ആത്മാവുകള്‍
പ്രതീക്ഷയുടെ നോവുപാട്ടു പാടുന്നു
എന്‍റെ ജീവിതം നിനക്കു വേണ്ടി
എന്‍റെ സ്നേഹം നിനക്കു വേണ്ടി
ഞാന്‍ കാത്തിരിക്കുന്നു ....
ഒരിയ്ക്കല്‍ കൂടി,
നിന്‍ വിളിയൊച്ച കേള്‍ക്കുവാന്‍
നിന്നോട് ചേരുവാന്‍ ......

Thursday, October 9, 2008

സ്നേഹം .....

സ്നേഹം
അകലെ മറയുന്ന നക്ഷത്രങ്ങളെപ്പോലെ
എന്നെ കൊതിപ്പിക്കുന്നു.
ഇടറുമെന്‍ അമ്മതന്‍ താരാട്ടായ്
എന്നില്‍ നൊമ്പരമുനര്‍ത്തുന്നു
പൂവായ് എന്നെ കുളിരണിയിച്ച്
വേനലായതില്‍ അലിഞുപോകുന്നു
ഒടുവില്‍,
എന്‍റെ മോഹങ്ങള്‍ മാത്രം ബാക്കിയാവുന്നു.....